ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി. ബെംഗളൂരുവിലെ പ്രശ്സതമായ ഫൈവ് സ്റ്റാർ ഹോട്ടലായ ഒട്ടേര ഉൾപ്പടെ മൂന്നിടങ്ങളിലാണ് ഇ-മെയിലായി ബോംബ് ഭീഷണി എത്തിയത്. ഇവിടങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും സ്നിഫർ നായയുടെ സഹായത്തോടെ പരിശോധന നടത്തുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ ബോംബ് ഭീഷണി അലാറം മുഴക്കിയതിന് പിന്നാലെയാണ് ബെംഗളൂരുവിലും ബോംബ് ഭീഷണിയെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കളോ മറ്റോ കണ്ടെത്താൻ സാധിച്ചില്ലെന്നും വ്യാജ സന്ദേശമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ബെംഗളൂരു, ജയ്പൂർ, യുപി, ഡൽഹി എന്നിവിടങ്ങളിലെ സ്കൂളുകളിൽ ബോബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. എന്നാൽ പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോബ് ഭീഷണികൾ തുടർക്കഥയാകുന്നത്.