കാക്കയെ കാണാത്ത ഒരു ദിവസം പോലും കേരളീയർക്ക് ഉണ്ടാവില്ല. മലയാളികൾ ഉറക്കമുണർന്ന് കണി കാണുന്നത് തന്നെ ഈ പക്ഷിയെയാണ്. പൊതുവെ മനുഷ്യർക്ക് ഇഷ്ടമല്ലാത്ത പക്ഷിയെന്ന് കാക്കയെ വിളിക്കാറുണ്ട്. കാക്കയെ ഒരു പൊതു ശല്യമായാണ് പണ്ട് മുതൽക്കെ നാം കാണുന്നത്. അതിന് കാരണം ആ പക്ഷിയുടെ പ്രവൃത്തി തന്നെയായിരിക്കാം.
പണ്ട് മുതൽക്കെ നാം കേട്ടു പഴകിയ കഥകളിലും അന്ധവിശ്വാസങ്ങളിലും കാക്കകളുണ്ട്. കാക്കയുടെ കരച്ചിലുകളെ ചുറ്റിപ്പറ്റിയും ചില അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. കാക്ക കരയുന്നത് കേട്ടാൽ പഴയ കഥകളെടുത്ത് കുടഞ്ഞിടുന്നവർ ഇന്നും കുറവല്ല.
കാക്കയുടെ കരച്ചിലുകളെ ചുറ്റിപ്പറ്റിയുള്ള ചില അന്ധവിശ്വാസങ്ങൾ നോക്കാം,
- അതിരാവിലെ വീട്ടുമുറ്റത്തിരുന്ന് കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നാണ് ഒരു വിശ്വാസം.
- ഉച്ചയ്‌ക്ക് വീടിന്റെ വടക്ക് ദിശയിലിരുന്നോ കിഴക്ക് ദിശയിലിരുന്നോ കാക്ക കരഞ്ഞാൽ ഐശ്വര്യമായി കരുതുന്നു.
- ഒരേ സ്ഥലത്തിരുന്ന് ഒന്നിൽ കൂടുതൽ കാക്ക കരഞ്ഞാൽ അപകടമുണ്ടെന്നാണ്. ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കാൻ പോകുകയെന്നാണ് വിശ്വസിക്കുന്നത്.
- വീടിന്റെ മേൽക്കൂരയിൽ വന്നിരുന്ന് കാക്ക കരഞ്ഞാൽ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. മരണവാർത്ത കൊണ്ടുവരുമെന്ന് പോലും ചിലർ വിശ്വസിക്കുന്നു.
- പടിഞ്ഞാറ് ദിശയിൽ ഇരുന്ന് കാക്ക കരഞ്ഞാൽ തൊഴിൽ ലഭിക്കും
- കാക്ക പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ ശുഭകരമാണെന്നും വിശ്വാസമുണ്ട്.