മൂന്നുവയസുകാരനെ തെരുവ് നായ്‌ക്കൾ കടിച്ചു കൊന്നു. നാഗ്പൂർ മൗഡയിലെ ഗണേശ് നഗർ സ്വദേശി വാൻഷ് ഷാഹാനെയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന് കളിക്കുമ്പോഴാണ് കൂട്ടമായെത്തിയ തെരുവ് നായ്‌ക്കൾ കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. അയൽവാസി അവനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അവൻ ശ്വാസിക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കഴുത്തിലെ ഞരമ്പുകൾ മുറിഞ്ഞ നിലയിലും കൈകൾ അറ്റുതൂങ്ങിയ നിലയിലുമായിരുന്നു. കാലുകളിലെ എല്ലുകളും പുറത്തുവന്നിരുന്നു.
നിലവിളികേട്ട് പാചകം ചെയ്തുകാെണ്ടിരുന്ന അമ്മ മാൻസി പാഞ്ഞെത്തി. ചോരയിൽ കുളിച്ചു കിടന്ന മകനെ കണ്ടുനിൽക്കാനാകാതെ അവർ നിലവിളിച്ചു. പിന്നാലെ ഉറങ്ങുകയായിരുന്നു ഭർത്താവ് അൻകുഷിനെ വിളിച്ചുണർത്തി.
എല്ലാവരും ചേർന്ന് കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഉടനെ മൂന്നുവയസുകാരനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിട്ടിനുള്ളിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അവൻ ദൈവത്തിന്റെ അനുഗ്രഹമായിരുന്നുവെന്നും അവനെ എന്നെന്നേക്കുമായി നഷ്ടമായെന്നും പറഞ്ഞ് പിതാവ് അൻകുഷ് അലമുറയിട്ടു.