എറണാകുളം: തെറ്റ് ചെയ്തവരെ സംരക്ഷിച്ചാണോ പൊലീസ് ആത്മവീര്യം സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി. കോടതി നിർദേശ പ്രകാരം പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിരുന്നു. സർക്കുലർ മാനിക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തത് ആശ്ചര്യപ്പെടുത്തുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി സംസാരിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു പരാമർശം.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ പറയുന്ന കാരണം സേനയുടെ ആത്മവീര്യം നഷ്ടപ്പെടുമെന്നാണ്. എന്ത് തോന്നിവാസം കാട്ടിയാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നത്? നടപടി സ്വീകരിച്ചാൽ എങ്ങനെയാണ് ആത്മവീര്യം നഷ്ടമാകുന്നത്? അത്രയ്‌ക്ക് ദുർബലമായ ആത്മവീര്യമാണെങ്കിൽ അതങ്ങ് പോട്ടെ എന്നു വയ്‌ക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ വിമർശിച്ചു.
ആരോപണങ്ങൾ ഉയർന്ന ഉദ്യോഗസ്ഥനെതിരെ പൊലീസ് മേധാവി നടപടിയെടുക്കാത്തത് എന്നെ അത്ഭുതപ്പെടുത്തി. ഇത്തരത്തിലുള്ള ഒരാളെ എന്തിനാണ് അനാവശ്യമായി പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.