ആർ.സി.ബി വിടാൻ ഇനിയെങ്കിലും കോലി തയാറാകണമെന്ന് മുൻ ബെംഗളൂരു നായകൻ കെവിൻ പീറ്റേഴ്സൺ. മറ്റേതെങ്കിലും ടീമിൽ ചേക്കേറി കിരീടം സ്വന്തമാക്കാനാണ് കോലി ശ്രമിക്കേണ്ടത്. എലിമിനേറ്ററിലെ രാജസ്ഥാനെതിരെ ആർ.സി.ബി നാലുവിക്കറ്റിന് തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ പ്രതികരണം. ഇതുവരെ കിരീടം നേടാത്ത മൂന്ന് ക്ലബുകളിൽ ഒന്നാണ് ആർ.സി.ബി
ആർ.സി.ബിക്കായി കോലി ഇത്തവണയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 15 മത്സരങ്ങളിൽ നിന്ന് 741 റൺസാണ് 35-കാരൻ അടിച്ചുകൂട്ടിയത്. ബൗളർമാരുടെ പ്രകടനമാണ് പതിവുപോലെ ബെംഗളൂരുവിന് വെല്ലുവിളിയായത്. ഇതിനിടെയാണ് പീറ്റേഴ്സൺ നിലപാട് വ്യക്തമാക്കിയത്.’ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. മറ്റ് കായിക ഇനങ്ങളിലെ ഇതിഹാസങ്ങൾ സ്വന്തം ക്ലബുകൾക്ക് വിട്ട് മറ്റിടങ്ങളിലേക്ക് പോയി നേട്ടങ്ങൾ സ്വന്തമാക്കി.
വിരാട് കോലി കിരീടം അർഹിക്കുന്നുണ്ട്. അദ്ദേഹം കിരീടം നേടാൻ കഴിയുന്ന ടീമിലേക്ക് പോകുന്നത് അർഹിക്കുന്ന കാര്യമാണ്. അദ്ദേഹം കഠിനാദ്ധ്വാനത്തിന്റെ പരമാവധി ഇതുവരെ ടീമിനായി നൽകി. ഡൽഹിയിലേക്ക് വേണം വിരാട് കോലി പോകേണ്ടത്. അദ്ദേഹം അങ്ങോട്ടേക്ക് പോയാൽ കുടുംബത്തിനൊപ്പം ഏറെ നേരം ചെലവിടാനാകും”.— പീറ്റേഴ്സൺ പറഞ്ഞു.