പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. ചിത്രത്തിൽ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. സിനിമയിൽ താരം ഉപയോഗിക്കുന്ന സ്‌പെഷ്യൽ കാറായ ബുജ്ജിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഭൈരവയുടെ ഉറ്റചങ്ങാതിയായിട്ടാണ് ബുജ്ജിയെ അവതരിപ്പിക്കുന്നത്. ഭൈരവയെ പ്രതിസന്ധികളിൽ നിന്ന് അതിവേഗം രക്ഷിക്കുന്ന സൂപ്പർ കാറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്‌പെഷ്യൽ കാറിന് ശബ്ദം നൽകിയിരിക്കുന്നത് കീർത്തി സുരേഷാണ്.
ജൂൺ 27 ന് ചിത്രം തീയേറ്ററുകളിലെത്തും. മഹാഭാരത കാലഘട്ടത്തിൽ തുടങ്ങുന്നതായിരിക്കും സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് റിപ്പോർട്ട്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകൻ.