ചെറിയ പ്രമേയവുമായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ആദ്യദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണുള്ളത്. ആഗോളതലത്തിൽ 54 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
2024-ലെ ഓപ്പണിംഗ് കളക്ഷനിൽ ഗുരുവാരൂമ്പല നടയിൽ മൂന്നാം സ്ഥാനത്താണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മോഹൻലാലിന്റെ മലൈക്കോട്ടെ വാലിബനാണ് കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രം ആടുജീവിതം രണ്ടാം സ്ഥാനത്താണ്. വെറും ഒരാഴ്ച കൊണ്ടാണ് ചിത്രം 50 കോടി കടന്നിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിലും വൻ തുകയാണ് ചിത്രത്തിന് ലഭിച്ചത്.
പ്രേക്ഷകർ ഒന്നടങ്കം ഒരേ മനസോടെ ചിത്രം ഏറ്റെടുത്തിരിക്കുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മലയാളത്തിൽ ഈ വർഷം ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഹൗസ്ഫുൾ ഷോകൾ നേടിയ ചിത്രം എന്ന ലേബലുകൂടി ‘ഗുരുവായൂരമ്പല നടയിൽ’സ്വന്തമാക്കി.
വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചത്.