ടർബോ എങ്ങനെയുണ്ടെന്ന് വി.കെ പ്രശാന്ത്; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല എന്ന് സന്ദീപ് വാചസ്പതി

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ തിരുവനന്തപുരത്തെ ജനങ്ങൾ ദുരിതത്തിലാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ. രണ്ട് ദിവസം മഴ പെയ്തപ്പോഴേക്കും റോഡുകൾ തോടുകളാകുന്ന അവസ്ഥയാണ് തിരുവനന്തപുരത്തെ മിക്ക പ്രദേശങ്ങളിലും കാണാൻ കഴിയുന്നത്. ഇതിന്റെ പ്രധാന കാരണം മേയറുടെയും കൗൺസിലർമാരുടെയും എംഎൽഎയുടെയുമെല്ലാം കഴിവുകേടാണെന്നാണ് ജനങ്ങളുടെ വിമർശനം.

ഓടകൾ വൃത്തിയാക്കാൻ വേണ്ട നടപടികൾ എടുക്കാത്തതും മഴക്കാലത്തിന് മുന്നേ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ പ്രതികരണം. സംഭവത്തിൽ വിമർശനങ്ങൾ കടുക്കുമ്പോൾ സിനിമയുടെ പിന്നാലെയാണ് വട്ടിയൂർകാവ് എംഎൽഎ വി.കെ പ്രശാന്ത്.

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അറിയാനുള്ള തിരക്കിലാണ് എംഎൽഎ. മഴക്കെടുതിയിൽ ജനങ്ങൾ വലയുമ്പോൾ സിനിമയ്‌ക്ക് പിന്നാലെ പോയ വി.കെ പ്രശാന്തിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രം​ഗത്തു വന്നു. ‘ടർബോ എങ്ങനെയുണ്ടെ’ന്ന് ഫേസ്ബുക്കിലൂടെ ചോദിച്ച എം.എൽ.എയ്‌ക്ക് ‘തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല’ എന്നായിരുന്നു സന്ദീപ് വാചസ്പതി നൽകിയ മറുപടി. പിന്നാലെ വി.കെ പ്രശാന്തിനെ വിമർശിച്ച് ജനങ്ങളും രം​ഗത്തു വന്നു.

 

Share
Leave a Comment