ചെന്നൈ : ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിന്റെ ഭൂമിയിൽ സാംസ്കാരിക നിലയം നിർമിക്കാനുള്ള തമിഴ് നാട് സർക്കാരിന്റെ നീക്കം താൽക്കാലികമായി നിർത്തിവയ്ക്കാൻ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു.
ചെന്നൈ മൈലാപ്പൂരിലുള്ള കപാലീശ്വര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻവേസ് റോഡിലെ 22.80 സ്ഥലത്ത് ‘സാംസ്കാരിക കേന്ദ്രം’ നിർമ്മിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. 28.76 കോടി രൂപ ചെലവിൽ ഈ കേന്ദ്രം സ്ഥാപിക്കുമെന്ന് 2023 സെപ്റ്റംബർ 4 ന് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ക്ഷേത്ര ഭൂമിയിൽ ‘സാംസ്കാരിക കേന്ദ്രം’ നിർമ്മിക്കുന്നതിനെ ബി.ജെ.പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ശക്തമായി എതിർത്തു.
ക്ഷേത്രഭൂമിയിൽ സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൈലാപ്പൂരിൽ നിന്നുള്ള ‘ഇൻഡിക് കളക്ടീവ്’ ട്രസ്റ്റി ടി.ആർ.രമേഷ് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. സർക്കാർ സാംസ്കാരിക നിലയം സ്ഥാപിക്കണമെങ്കിൽ ക്ഷേത്രഭൂമിയിൽ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കാനാകില്ലെന്നും സർക്കാർ ഭൂമിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപിക്കുന്നതെങ്കിൽ സ്വാഗതാർഹമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണ അനുമതിയില്ലാതെ സാംസ്കാരിക നിലയം നിർമിക്കാനാവില്ല. സാംസ്കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ പ്രവൃത്തി നിരോധിക്കണമെന്നും ബന്ധപ്പെട്ട ഓർഡിനൻസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസ് പരിഗണിച്ച ഹൈക്കോടതി, ക്ഷേത്രത്തിന്റെ ഫണ്ട് വിനിയോഗം സംബന്ധിച്ച് ആക്ഷേപം ലഭിച്ചിട്ടുണ്ടോയെന്ന് വിശദീകരിക്കാൻ എൻഡോവ്മെൻ്റ് വകുപ്പിന് നിർദേശം നൽകി.
ചെന്നൈ കപാലീശ്വര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സാംസ്കാരിക കേന്ദ്രം നിർമ്മിക്കുമെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ് (എച്ച്ആർആർ ആൻഡ് സിഐ) മന്ത്രിക്ക് എങ്ങനെ പ്രഖ്യാപിക്കാനാകുമെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു.
സാംസ്കാരിക നിലയം നിർമ്മിക്കുന്നത് സ്റ്റേ ചെയ്ത ബെഞ്ച്, ഒരു കൗണ്ടർ ഫയൽ ചെയ്യാൻ സംസ്ഥാനത്തോട് നിർദ്ദേശിച്ചു. അന്തിമ വാദം കേൾക്കുന്നതിനായി കേസ് ജൂൺ മൂന്നാം വാരത്തിലേക്ക് മാറ്റി. കേസ് തീരുന്നത് വരെ സാംസ്കാരിക നിലയത്തിന്റെ നിർമാണം നിർത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ജസ്റ്റിസ് പി ബി ബാലാജി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.
ഏഴാം നൂറ്റാണ്ടിൽ പല്ലവർ നിർമ്മിച്ചതാണ് മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രം. മൈലാപ്പൂരിനെ തിരുമലൈ എന്നും കപലീചരം എന്നും പറയുന്നു. ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, പാർവതി ശിവനെ ഇവിടെ വെച്ച് മയിലിന്റെ രൂപത്തിൽ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു , അതിനാലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം മൈലാപ്പൂർ എന്നുള്ള പേര് വന്നതെന്നാണ് ഐതീഹ്യം.