സിൽച്ചാർ: മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 നും 22 നും ഇടയിലുള്ള ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 1000 അധികം പേരാണ് ചാംഫായിൽ അഭയം പ്രാപിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ലാൽറിഞ്ചന പറഞ്ഞു.
ചിൻ സംസ്ഥാനത്ത് നിന്നുള്ള 600-ഓളം മ്യാൻമർ അഭയാർത്ഥികൾ ചാംഫായി ജില്ലയിലെ വൈഖവ്ത്‌ലാംഗ് ഗ്രാമത്തിൽ അഭയം പ്രാപിച്ചതായും അതേ ജില്ലയിലെ ഖുവാങ്‌ഫ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് നിന്ന് 200 പേർ അതിർത്തി കടന്നതായും അദ്ദേഹം പറഞ്ഞു.
ചാംഫായി, സിയാഹ, ലോങ്‌ട്‌ലായ്, നാതിയാൽ, സെർച്ചിപ്പ്, സൈത്വാൾ തുടങ്ങി മിസോറാമിലെ ആറ് ജില്ലകളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലായി 36,500-ലധികം മ്യാൻമർ അഭയാർത്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അഭയാർഥികളെ പാർപ്പിക്കാൻ ഏഴ് ജില്ലകളിലായി 149 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാന സർക്കാർ നിർമ്മിച്ചിരിക്കുന്നത്.
മ്യാൻമറിൽ സ്ഥിതി രൂക്ഷമായതോടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്നാണ് അവർ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയതെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. സ്ഥിതിഗതി സാധാരണ നിലയിലാകുമ്പോൾ ഇവർ സ്വദേശത്തേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.