വൈശാഖ് ചിത്രം ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ പദ്മകുമാർ. മാസ്-ആക്ഷൻ ചിത്രമായി പുറത്തിറങ്ങിയ ടർബോയിലെ മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളെയാണ് സംവിധായകൻ പ്രശംസിച്ചിരിക്കുന്നത്. എത്ര കൊല്ലം കഴിഞ്ഞാലും മമ്മൂട്ടിയുടെ എനർജി കുറയില്ലെന്നും യുവാക്കൾ പോലും ചെയ്യാൻ മടിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യാൻ മമ്മൂട്ടിക്ക് മാത്രമെ കഴിയുകയുള്ളൂ എന്നും പദ്മകുമാർ പറയുന്നു.
“2014-ൽ ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി. പിന്നെ ഇത്തരം ആക്ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം. അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസിൽ ‘ടർബോ’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്റ്. ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കേണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി”.
“പത്തല്ല സുഹൃത്തേ, ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല. അത് ഞങ്ങളുടെ മമ്മൂക്കയ്ക്കു മാത്രമുള്ള സിദ്ധിയാണ്. ആ മഹാ മനസിന്, ആ അർപ്പണത്തിന്, ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മൂക്കയേ ഉള്ളു- പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു”.