ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ തരംഗമായി മാറിയ ജയ്ഗണേഷ് ഒടിടിയിലെത്തി. മനോരമ മാക്സിലൂടെ മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 11-ന് വിഷു റിലീസായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് ജയ് ഗണേഷ്.
ദിവ്യാംഗന്റെ വേഷത്തിലാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തിയത്. എല്ലാവരിലും ഒരു സൂപ്പർ ഹീറോ ഉണ്ടെന്ന സന്ദേശം നൽകുന്ന ചിത്രമാണിത്.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് ആയിരുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർകോയാണ് ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിലാണ് താരം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിലൊന്നാകും മാർകോ എന്ന സൂചനകളാണ് പുറത്തുവരുന്നത്.