കോഴിക്കോട്: ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ. ശശി കുമാർ (56) ആണ് മരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിലെ എൽഡി ക്ലർക്കായിരുന്നു ഇദ്ദേഹം. ഒൻപത് മാസമായി ശമ്പളം കിട്ടാത്തതിനാലാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ജോലിക്ക് ഹാജരാകാത്തിന്റെ പേരിൽ നേരത്തെ ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഭാര്യയും മക്കളും എംഡിയെ കണ്ട് അഭ്യർത്ഥന നടത്തിയതിന് ശേഷമാണ് ജോലിയിൽ തിരിച്ചെടുത്ത്. എന്നാൽ, ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളം ശശികുമാറിന് ലഭിക്കാനുണ്ടെന്നാണ് ഭാര്യ പറയുന്നത്.
ഇന്നലെ ശമ്പളം ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനാൽ ശമ്പളം ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ശശികുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശമ്പളം ലഭിക്കാത്തതിലുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്.