ഒരു മിനിറ്റ് കൊണ്ട് റൂബിക്സ് ക്യൂബ് പരിഹരിക്കുന്ന സ്പീഡ് ക്യൂബേഴ്സിനെ കണ്ടിരിക്കാം. ആഗോളതലത്തിൽ ശ്രദ്ധനേടിയ ചിലരാകട്ടെ 10 സെക്കൻഡിൽ താഴെ സമയമെടുത്ത് പുഷ്പം പോലെ പരിഹരിക്കും. അപ്പോൾ ഒരു റോബോട്ടിന്റെ കയ്യിൽ റൂബിക്സ് ക്യൂബ് കിട്ടിയാലോ? എത്രസമയമെടുക്കും?
ജപ്പാനിലെ മിസുബിഷി ഇലക്ട്രിക് കോർപ്പറേഷനിലെ ഒരു എൻജിനീയറിംഗ് സെന്ററിൽ വികസിപ്പിച്ച റോബോട്ടാണ് അതിവേഗം റൂബിക്സ് ക്യൂബ് പരിഹരിച്ചത്. ഇതിനായി റോബോട്ടിന് ആവശ്യമായി വന്നത് 1 സെക്കൻഡിൽ താഴെ സമയം മാത്രമാണ്. ഇതോടെ ജാപ്പനീസ് കമ്പനിയുടെ റോബോട്ട് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.
正式発表です🌟三菱電機のチームがギネス世界記録「パズルキューブを最速で解くロボット」を更新㊗タイムはなんと0.305秒!記録達成、本当におめでとうございます🎉🎉🎉 pic.twitter.com/1X56qxR7RI
— ギネス世界記録 (@GWRJapan) May 23, 2024
ടോക്കിയോയിൽ നടന്ന ചടങ്ങിനിലായിരുന്നു ഗിന്നസ് റെക്കോർഡ് നേടിയ പ്രകടനം റോബോട്ട് കാഴ്ചവച്ചത്. 3x3x3 പസിൽ ക്യൂബ് വെറും 0.305 സെക്കൻഡ് സമയത്തിനുള്ളിൽ റോബോട്ട് പരിഹരിച്ചു. അതായത് മനുഷ്യന്റെ കണ്ണുകൾക്ക് വ്യക്തമാകുന്നതിനേക്കാൾ വേഗതയിലാണ് പ്രകടനം നടന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വീഡിയോ ദൃശ്യം കാഴ്ചക്കാർക്കായി ‘സ്ലോമോഷനിൽ’ അവതരിപ്പിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ.
മിസുബിഷി ഇലക്ട്രിക് കോർപ്പറേഷനിലെ എൻജിനീയർ ടോക്കുയി ആണ് ഈ അതിവേഗ റോബോട്ടിന് പിന്നിൽ പ്രവർത്തിച്ചത്. വളരെ ശ്രമകരവും രസകരവുമായ പ്രോജക്ടായിരുന്നു ഇതെന്ന് ടോക്കുയി പ്രതികരിച്ചു.
ഏറ്റവും വേഗതയിൽ റൂബിക്സ് ക്യൂബ് പരിഹരിച്ച മനുഷ്യനെന്ന റെക്കോർഡ് ചൈനീസ് പൗരനായ യിഹേംഗ് വാംഗിനാണ്. 3x3x3 പസിൽ ക്യൂബ് 4.48 സെക്കൻഡ് കൊണ്ടാണ് യുവാവ് പരിഹരിച്ചതെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു.