കോളിവുഡ് സിനിമകളെ ഓർമപ്പെടുത്തും വിധം ആക്ഷൻ സീനുകളുമായെത്തി തിയേറ്ററുകളിൽ ഇടിയുടെ പൂരം ഒരുക്കുകയാണ് ടർബോ ജോസ്. ചെറിയൊരു കാലത്തെ ഇടവേളക്ക് ശേഷം ആരാധകരെ കയ്യിലെടുക്കാൻ മാസ് ആക്ഷൻ എന്റർടെയ്നറുമായാണ് മമ്മൂട്ടി എത്തിയത്. മാസും ആക്ഷനും മാത്രം ചേർത്തല്ല ഇമോഷനും ഹാസ്യത്തിനും പ്രധാന്യം നൽകിയാണ് വൈശാഖ് സിനിമ ഒരുക്കിയിരിക്കുന്നത്. മിഥുന്റെ പതിവ് ഇൻവെസ്റ്റിഗേഷനും വൈശാഖിന്റെ പതിവ് തമാശയും മാറ്റി നിർത്തിയാണ് ടർബോ മുന്നേറുന്നത്. മമ്മൂട്ടി കമ്പനികൂടി കൈകോർത്തതോടെ ആത്മവിശ്വാസത്തോടെയാണ് ജോസേട്ടൻ തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത്.
ടർബോ എഞ്ചിനുമായി ഇടിയുടെ പൊടി പൂരം തീർക്കുമ്പോൾ അതിലും മാസായിട്ട് എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് വില്ലൻ വേഷത്തിലെത്തിയ രാജ് ബി ഷെട്ടി. ഹാസ്യവും സഹനടനും മാത്രമല്ല, ഉഗ്രൻ വില്ലൻ വേഷവും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വെട്രിവേൽ ഷണ്മുഖ സുന്ദരനായെത്തിയ രാജ് ബി ഷെട്ടി.
ഇടുക്കിയിലെ ചെറിയൊരു ഗ്രാമത്തിൽ തല്ലും അലമ്പുമൊക്കെയായി കഴിയുന്ന ജോസൂട്ടിക്ക് ആകെ പേടിയുള്ളത് അമ്മയെയാണ്. അമ്മയുടെ ജോസൂട്ടി നാട്ടിലിറങ്ങിയാൽ ടർബോ ജോസാണ് എല്ലാ പള്ളി പെരുന്നാളിനും അലമ്പുണ്ടാക്കുന്നയാൾ. ഏറെ പ്രിയപ്പെട്ടവരുടെ ജോസേട്ടനും. അമ്മയുടെ അനുസരണയുള്ള മകനെന്ന നിലയിലാണ് മമ്മൂട്ടിക്ക് ആദ്യം നൽകുന്ന ഇൻട്രോ, രണ്ടാമത് നാട്ടുകാർക്കിടയിൽ ടർബോ ജോസായെത്തുന്ന ഇൻട്രോക്കാണ് കയ്യടികൾ വാരികൂട്ടുന്നത്.
ആദ്യത്തെ പതിനഞ്ച് മിനിറ്റുകൊണ്ട് ടർബോ ജോസ് എന്താണെന്ന് വൈശാഖ് രസകരമായി വിവരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കഥാഗതി മാറുന്നത്. അനിയനെ പോലെ കാണുന്ന ജെറി എന്ന കൂട്ടുകാരന്റെ ജീവിതത്തിൽ വരുന്ന പ്രതിസന്ധിയാണ് ജോസിനെയും ബാധിക്കുന്നത്. നാടൻ തല്ലും അലമ്പുമായി നടക്കുന്ന ടർബോ പൊടുന്നനെ, ഇടുക്കിയിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറേണ്ടി വരികയാണ്.
തനിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം കണ്ടാൽ ഇടിയിലൂടെ മറുപടി പറയുന്ന ജോസേട്ടൻ ചെന്നൈയിലെത്തിയിട്ടും അടിയും ഇടിയും ഒക്കെ തന്നെയാണ്. ട്വിസ്റ്റൊന്നും ഇല്ലാത്ത തരത്തിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യപകുതിയിലെ എന്റർടെയ്നറിൽ നിന്നും സാവധാനമാണ് ആക്ഷൻ ത്രില്ലറിലേക്ക് വൈശാഖും മിഥുനും പ്രേക്ഷരെ എത്തിക്കുന്നത്. പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ആക്ഷൻ സീനുകളുമായാണ് ക്ലൈമാക്സിലേക്ക് പോകുന്നത്. ചെന്നൈയിലെ വൻകിട മാഫിയായ വെട്രിവേലിനെ ജീപ്പ് ഡ്രൈവറായ ടർബോ ജോസ് ആക്ഷൻ രംഗങ്ങളിലൂടെ വീഴ്‌ത്തുന്നതോടെ ടർബോ ജോസ് ഹരമായി മാറി. തമിഴ് സൂപ്പർ താരത്തിന്റെ ശബ്ദത്തിലൂടെ രണ്ടാം ഭാഗത്തിന്റെ സൂചനയും നൽകിയാണ് സിനിമ അവസാനിക്കുന്നത്.
ടർബോയിലെ ജോസിന്റെ എതിരാളിയായ വെട്രിവേൽ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. കന്നടയിൽ നിന്നും മലയാളത്തിലെത്തി ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് രാജ് ബി ഷെട്ടി. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി. കൂടാതെ, ബിന്ദു പണിക്കർ, അഞ്ജലി മേനോൻ,ശബരീഷ് വർമ്മ എന്നിവരും എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പ്രായമൊന്നും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. അമ്മയായെത്തിയ ബിന്ദു പണിക്കരും മികവാർന്ന അഭിയമായിരുന്നു. മകനെക്കാളും ടെക്നോളജിയിൽ മുന്നേറുന്ന അമ്മ. പ്രേക്ഷകരും ഇതുപോലൊരു അമ്മ നമുക്കുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോകും.
ടർബോയെ മികച്ചതാക്കുന്നത് ജോസേട്ടനും വെട്രിവേലിനും നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ പ്രേക്ഷക കയ്യടി അർഹിക്കുന്ന തരത്തിലാണ് ബിജിഎം ഒരുക്കിയിരിക്കുന്നത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണവും സ്റ്റണ്ട് മാസ്റ്റർ ഫൊണികസ് പ്രഭുവുവിന്റെ ആക്ഷനുമാണ് സിനിമയെ മികച്ചതാക്കി മാറ്റുന്നത്.
സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ പതിഞ്ഞ് നിൽക്കുന്നത് മമ്മൂട്ടിയുടെ ആക്ഷൻ സീക്വൻസുകളും കാർ ചേസിംഗും തന്നെയായിരിക്കും. മുണ്ട് മടക്കി ഉടുക്കാതെ സാധാരണ ഇടി,ക്വിന്റൽ ഇടി,മാസ് ഇടി,തകർപ്പൻ ഇടി പലതരം സ്റ്റണ്ടുമായി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഈ 72 കാരൻ.
എഴുതിയത്
സ്നേഹ രഘു