കോൺഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി മാറിയിരിക്കുകയാണെന്ന് ബിജെപി പ്രവർത്തകയായ പദ്മജാ വേണുഗോപാൽ. പാർട്ടിയിലെ ജനാധിപത്യം നശിച്ചപ്പോഴാണ് കോൺഗ്രസിനോട് തനിക്ക് അതൃപ്തി തോന്നിയതെന്നും പദ്മജ
ഫെയ്സ്ബുക്കിൽ കുറിച്ചു. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് പദ്മജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
കഴിഞ്ഞ ദിവസവും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പദ്മജ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്തുപോകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കോൺഗ്രസിൽ നിന്ന് വിട്ടു പോയതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
‘ചില വാർത്തകൾ ഞാനറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കോൺഗ്രസ് ചില വ്യക്തികളുടെ സ്വകാര്യ സ്വത്തായി മാറിയപ്പോൾ, ആ പാർട്ടിയിൽ ജനാധിപത്യം നശിച്ചപ്പോഴാണ് കോൺഗ്രസിനോട് എനിക്ക് അതൃപ്തി തോന്നിയത്. കോൺഗ്രസിൽ നിന്ന് പുറത്തു പോകണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കോൺഗ്രസിൽ നിന്ന് ഞാൻ വിട്ടു പോയതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യം.
ബിജെപിയിൽ ചേരാൻ കാരണം നരേന്ദ്രമോദി ഭരണത്തിൽ ഈ രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ്. എന്റെ അച്ഛനെപ്പോലെ തന്നെ വികസന കാഴ്ചപ്പാടും, ഭരണ വൈഭവവും ഉള്ള നേതാവാണ് മോദിജി. അത് എന്നെ വളരെയധികം ആകർഷിച്ചു. ബിജെപിയെ പറ്റി കൂടുതൽ പഠിച്ചപ്പോൾ ഞാൻ മുമ്പ് ധരിച്ചുവച്ചിരുന്നത് എല്ലാം തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു.
ബിജെപിയെ ഇന്ന് ഞാൻ പൂർണമായി ഇഷ്ടപ്പെടുന്നു. ബിജെപിക്കാരിയായ എന്റെ രാഷ്‌ട്രീയ പ്രവർത്തന മേഖല തീരുമാനിക്കുന്നത് ആ പാർട്ടിയാണ്. ബിജെപി ഏത് പദവി തന്നാലും അതിന്റെ വലുപ്പച്ചെറുപ്പം ഞാൻ നോക്കില്ല. ലോക്കൽ രംഗത്ത് പ്രവർത്തിക്കാനാണ് പാർട്ടി ആവശ്യപ്പെടുന്നത് എങ്കിൽ അത് ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കും. ഒരു സ്ഥാനവും മോഹിച്ചല്ല ഞാൻ ബിജെപിയിൽ ചേർന്നത്. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം’ – പദ്മജാ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.