തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ സെക്ഷൻ ക്ലർക്ക് അനിൽകുമാറാണ് വിജിലൻസ് പിടിയിലായത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെ സോണൽ ഓഫീസിൽ വച്ചാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരനിൽ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. അനധികൃത നിർമ്മാണം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി തവണ ഓഫീസിൽ കയറി ഇറങ്ങിയിട്ടും കാര്യം നടക്കാതെ വന്നതോടെയാണ് പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകിയത്. ഇതോടെ വിജിലൻസിന്റെ നിർദേശത്തിലാണ് പരാതിക്കാരൻ ഓഫീസിലെത്തി തുക കൈമാറിയത്.
ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം അനിൽകുമാറിനെ കൈക്കൂലി പണത്തോടെ പിടികൂടുകയായിരുന്നു.
വിഴിഞ്ഞം പൂവാർ സ്വദേശിയാണ് അനിൽകുമാർ. ജോലിയിൽ നിന്നും വിരമിക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്.