ബംഗളൂരു: പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും സുധാമൂർത്തിയുടെ സഹോദരനുമായ ശ്രീനിവാസ് ആർ കുൽക്കർണിക്ക് 2024 ലെ ഷാ പുരസ്കാരം. ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ നൽകിയ സുപ്രധാന സംഭാവനകളാണ് കുൽക്കർണിയെ പുരസ്കാരത്തിന് അർഹനാക്കിയത് .
ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ലൈഫ് സയൻസ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ സംഭാവനകൾക്ക് ഹോങ്കോങ്ങിലെ പ്രൈസ് ഫൗണ്ടേഷൻ നൽകുന്ന ഒരു ആഗോള അവാർഡാണ് ഷാ പുരസ്കാരം.ഈ മാസം 21 നാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 1.2 മില്യൺ യു.എസ് ഡോളറും പ്രശസ്തി പത്രവുമടങ്ങുന്നതുമാണ് പുരസ്കാരം. അവാർഡ് ദാന ചടങ്ങ് നവംബർ 12-ന് ഹോങ്കോങ്ങിൽ നടക്കും.
67 കാരനായ കുൽക്കർണി നിലവിൽ അമേരിക്കയിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ ആയി സേവനമനുഷ്ഠി ക്കുകയാണ്. 1978-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും1983-ൽ കലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. മില്ലി സെക്കൻഡ് പൾസാറുകൾ, ഗാമ റേ വിസ്ഫോടനം സൂപ്പർനോവകൾ തുടങ്ങിയവയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടാണ് പുരസ്കാരം ലഭിച്ചത്.