തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇടുക്കിയിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്.
തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. റെമാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ രാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.