ന്യൂഡൽഹി: ഗംഗാ നദിയിൽ ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഗംഗാ നദിയെ പുരനരുജ്ജീവിപ്പിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് ‘നമാമി ഗംഗേ പദ്ധതി’ ആണ് ഗംഗാ നദിയിലെ ഡോൾഫിനുകളുടെ ഗണ്യമായ വർദ്ധനവിന് പിന്നിൽ. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഗംഗയിലും അതിന്റെ പോഷകനദികളിലുമായി ഏകദേശം 4,000 ഡോൾഫിനുകളാണുള്ളത്.
ഇന്ത്യയിലെ മൊത്തം ഗംഗാ ഡോൾഫിൻ (റിവർ ഡോൾഫിൻ) ജനസംഖ്യയുടെ പകുതിയിലധികവും ഉത്തർ പ്രദേശിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇവയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്. ചാംബാൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഒരു ഭാഗം ഡോൾഫിൻ സാക്ച്വറിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗംഗയുടെ ശുദ്ധജലത്തിൽ ഡോൾഫിനുകൾ തഴച്ചുവളരുന്നത് മികച്ച പരിസ്ഥിതിയുടെ അടയാളമാണെന്നും ഡോൾഫിനുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. നമാമി ഗംഗയ്ക്ക് പുറമേ കേന്ദ്രം നടപ്പിലാക്കിയ പ്രൊജക്ട് ഡോൾഫിൻ പദ്ധതിയും ഗംഗാറ്റിക് ഡോൾഫിനുകളുടെ തിരിച്ചുവരവിന് ഇടയാക്കി.
ഗംഗാ നദി മലിനമായതോടെയാണ് ശുദ്ധജലത്തിൽ വളരുന്ന ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചത്. ഏകദേശം 100-ഓളം ഡോൾഫിനുകൾ മാത്രം അവശേഷിക്കുന്ന സാഹചര്യം വരെ ഉടലെടുത്തിരുന്നു.
സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, എൻജിഒകൾ, പ്രാദേശിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഗംഗാ നദിയെ പുനരുജ്ജീവിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
നമാമി ഗംഗാ പദ്ധതിക്ക് കീഴിൽ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാധിച്ചു. തണ്ണീർത്തട സംരക്ഷണവും ഒഴുക്ക് മെച്ചപ്പെടുത്തിയതും ഗംഗാ ഡോൾഫിന് അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ ഇടയാക്കി. 2030-ഓടെ രാജ്യത്തെ ഡോൾഫിനുകളുടെ എണ്ണം 8,000 ആയി ഉയരുമെന്നാണ് വിലയിരുത്തൽ.
എണ്ണത്തിൽ കുറവ് വന്നതിന് പിന്നാലെ ഗംഗാറ്റിക് ഡോൾഫിനുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഗംഗയിലും അതിന്റെ പോഷകനദികളായ രാംഗംഗ, യമുന, ഗോമതി, ഘഘ്ര, രപ്തി, സോൺ, ഗണ്ഡക്, ചമ്പൽ, കോസി നദികളിലും സംരക്ഷിക്കപ്പെടുന്നു.