താൻ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചു; ആകെ ഭയന്നാണ് നിന്നിരുന്നതെന്ന് മിഥുൻ മാനുവൽ തോമസ്

Published by
Janam Web Desk

മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട കഥ പറഞ്ഞ് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. കോബ്രയുടെ സെറ്റിൽ വച്ചാണ് ആദ്യമായി പരിചയപ്പെട്ടതെന്നും അന്ന് മമ്മൂട്ടി തന്നോട് നീ എഴുത്തുകാരനാണെന്ന് ആരാണ് പറഞ്ഞതെന്നുമാണ് ചോദിച്ചതെന്നും മിഥുൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സിനിമയിലേക്ക് വരുന്നതിന് മുമ്പ് എന്റെ ഒരു സീനിയർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ വീട്ടിൽ ഒരിക്കൽ കഥ പറയാൻ പോയിരുന്നു. അദ്ദേഹം അന്ന് എന്നോട് ചോദിച്ചു, ഞാൻ എന്താണ് ചെയ്യേണ്ടെതന്ന്. എനിക്ക് മമ്മൂട്ടിയോട് ഒരു കഥ പറയണമെന്ന് ഞാൻ അന്ന് തന്നെ അദ്ദേഹത്തിനോട് പറഞ്ഞു. അന്ന് ഓം ശാന്തി ഓശാന ഒന്നും ചെയ്തിട്ടില്ല.

അങ്ങനെ, കോബ്ര എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഞാൻ മമ്മൂട്ടിയെ ആദ്യമായി കണ്ടത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നെ മമ്മൂട്ടിയുടെ അടുക്കൽ കൊണ്ട് പോയി. മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു. എന്റെ കൂടെയുള്ള അദ്ദേഹം എന്നെ മമ്മൂക്കയെ പരിചയപ്പെടുത്തി. ഞാൻ ഭയന്നാണ് നിൽക്കുന്നത്. കാരണം, ഞാൻ ആദ്യമായിട്ടാണ് ഒരു സിനിമ സെറ്റിൽ പോകുന്നത്.

ഇത്, മിഥുൻ വയനാട്ടിൽ നിന്നുള്ളൊരു എഴുത്തുകാരനാണ്. ഞാൻ ആകെ പേടിച്ചാണ് നിന്നിരുന്നത്. എന്നെ ഒന്ന് നോക്കിയിട്ട്, താൻ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞതെന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കും തോന്നിയത്, ശരിയാണല്ലോ.. ഞാൻ എഴുത്തുകാരനാണെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. മമ്മൂക്ക അത് തമാശരൂപേണയാണ് എന്നോട് ചോദിച്ചത്. പിന്നീട് എന്നോട് നോവൽ എഴുതിയിട്ടുണ്ടോ എന്നു ചോദിച്ചു, ചെറുകഥ എഴുതിയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. ഇങ്ങനെയാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്.’- മിഥുൻ മാനുവൽ പറഞ്ഞു.

Share
Leave a Comment