തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോർജ്ജ വിപണന രംഗത്ത് സാന്നിദ്ധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി സൂര്യഖർ പദ്ധതിക്ക് കീഴിൽ പുരപ്പുറ വൈദ്യുതി ഉത്പാദന രംഗത്ത് സജീവമാകാനാണ് ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സോളർ പാനലിന്റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടർരായ അൽമിയ ഗ്രൂപ്പുമായി കമ്പനി കരാറിലേർപ്പെട്ടു. ഒരു വർഷം കൊണ്ട് 225 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
നിലവിൽ ഏഷ്യൻ വിപണിയിൽ അദാനി ഗ്രൂപ്പിന്റെ സോളർ പാനലുകൾക്ക് വൻ ഡിമാൻഡാണ്. കമ്പനി പുതിയതായി ആവിഷ്കരിക്കുന്ന പാനലുകളായ ടോപ്പ്കോൺ എൻടൈപ്പ് പാനലുകൾക്ക് പതിൻമടങ്ങ് ഉൽപാദന ശേഷിയുണ്ട്. വിഴിഞ്ഞം തുറമുഖ വികസന പദ്ധതികളിൽ സൗരോർജ്ജത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ അദാനി ഗ്രൂപ്പ്.
കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ്ജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ 225 മെഗാവാട്ട് മാത്രമാണ് പുരപ്പുറത്ത് നിന്ന് ഉൽപാദിപ്പിക്കുന്നത്. അതിന്റെ 50% അദാനി സോളർ പദ്ധതിയാണ്. നിലവിൽ അദാനി ഗ്രൂപ്പിന്റെ സൗരോർജ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നത് അൽമിയ ഗ്രൂപ്പാണ്. അനെർട്ട്, കെഎസ്ഇബി, കേരളത്തിലെ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ അദാനിയുടെ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത് അൽമിയ ഗ്രൂപ്പാണ്.















