ഇന്ത്യക്കാർക്ക് യുഎഇയുടെ ഓൺ എറൈവൽ വിസ; ഓൺലൈനായി അപേക്ഷിക്കാം; 2 ദിവസത്തിനുള്ളിൽ മെയിൽ വഴി വിസ ലഭിക്കും

Published by
Janam Web Desk

ദുബായ്: ഇനിമുതൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ഓൺ എറൈവൽ വിസ ലഭിക്കാൻ ആദ്യം ഓൺലൈനിൽ അപേക്ഷിക്കണമെന്ന് താമസ കുടിയേറ്റ വകുപ്പ്. നേരത്തെ അമേരിക്കൻ ഗ്രീൻ വിസയും യുകെ റസിഡന്റസ് വിസയും ഉള്ള അർഹരായ ഇന്ത്യക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്ന് വിസ ഓൺ എറൈവൽ അനുവദിച്ചിരുന്നു. ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് തന്നെ സ്റ്റാംപ് ചെയ്ത് നൽകുകയായിരുന്നു പതിവ്. അതിനാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.

പാസ്പോർട്ട്, യാത്രാ രേഖകൾ, അമേരിക്കയിലേ ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ എന്തെങ്കിലും ഒന്നിന്റെ റസിഡന്റ് വിസ, ഫോട്ടോ എന്നിവ സഹിതമാണ് ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്. ഇതിന് 253 ദിർഹം ഫീസായി നൽകണം. മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ 48 മണിക്കൂറിനകം വിസ ഇ-മെയിൽ വഴി ലഭിക്കും.

പാസ്പോർട്ടിന്റെ കാലാവധി ആറ് മാസത്തിൽ കുറവല്ലെന്ന് ഉറപ്പുവരുത്തണമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി. പതിനാല് ദിവസത്തേക്കുള്ള സന്ദർശക വിസയാണ് അനുവദിക്കുക. വിസ കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടാം. ഇത് ഒറ്റത്തവണത്തേക്ക് മാത്രമേ അനുവദിക്കൂവെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ എഫയേഴ്സ് അറിയിച്ചു.

യുഎഇയിൽ സന്ദർശക വിസയിലെത്തുന്നവർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും. എയർലൈനുകൾ പരിശോധന കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഇത്. യാത്രാ മാനദണ്ഡങ്ങൾ പാലിക്കാതെ യുഎഇയിലേക്ക് വരാൻ ശ്രമിച്ച പലരുടെയും യാത്ര കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയിരുന്നു.

Share
Leave a Comment