കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കരുത്തുറ്റ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ന് വലിയവനെന്നോ ചെറിയവനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. ആറാം ഘട്ട വോട്ടെടുപ്പ് ഇവിടെ നടക്കുമ്പോൾ എല്ലാവരും തുല്യരാണ്. എല്ലാ ജനങ്ങളും ക്യൂവിൽ നിന്ന് അവരുടെ വോട്ടുകൾ രേഖപ്പെടുത്തി പോവുന്നു. ഞാൻ എന്റെ വോട്ട് നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണ് ഉപയോഗിച്ചത്. ശക്തമായ ഭാരതത്തെ പടുത്തുയർത്തുന്നതിനായി, വികസിത ഭാരതത്തിനായി ഞാൻ വോട്ട് ചെയ്തു.”- സുവേന്ദു അധികാരി പറഞ്ഞു.
ബംഗാളിൽ വെസ്റ്റ് മിഡ്നാപൂരിൽ ഉൾപ്പെടെ പലയിടങ്ങളിലും ഇന്നും ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഘട്ടത്തിൽ പോളിംഗുമായി ബന്ധപ്പെട്ട ആയിരത്തിലധികം പരാതികളാണ് ഉയർന്നിരുന്നത്.
പശ്ചിമ ബംഗാളിന് പുറമെ ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, ഒഡിഷ എന്നിവിടങ്ങളിലും ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.