മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയതിന് ശേഷമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമക്കും പാട്ടിനും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിനു പണം നൽകിയാണ് അവകാശം നേടിയതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ഇളയരാജയുടെ വക്കീൽ നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ നിയമപരമായി നേ നേരിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയിലായിരുന്നു മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ പകർപ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും അതിന് തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് ഇളയരാജ പറഞ്ഞത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള
പറവ ഫിലിംസ് നിർമിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
1991 ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.
മുമ്പ്, 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴുകോടി കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുടക്കിയ പണമോ നൽകാതെ കബളിപ്പിച്ചെന്നാരോപിച്ച് ആലപ്പുഴ അരൂർ സ്വദേശി സിറാജ് നിർമാതാക്കൾക്കെതിരെ കേസ് നൽകിയിരുന്നു. ഇതിനെ തുടർന്ന്, പറവ ഫിലിംസിന്റെ 40 കോടി നിക്ഷേപമുള്ള അക്കൗണ്ടും മരവിപ്പിച്ചിരുന്നു.