ബെംഗളൂരു: ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗ്രാസെറ്റി. ഐഎസ്ആർഒ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം സോമനാഥുമായി കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കും യുഎസിനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നും എറിക് ഗാർസെറ്റി എക്‌സിൽ കുറിച്ചു.
” ഡോ. എസ് സോമനാഥിനെ നേരിട്ട് കണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. പരിസ്ഥിതി, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ എന്നിവ നിരീക്ഷിക്കുന്നതിനായി ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വൈകാതെ വിക്ഷേപിക്കും.”- എറിക് ഗാർസെറ്റി കുറിച്ചു.
ബെംഗളൂരുവിൽ നടന്ന യുഎസ്- ഇന്ത്യ സ്‌പേസ് കോമേഴ്‌സ്യൽ സ്‌പേസ് കോൺഫറൻസിലും എറിക് ഗാർസെറ്റി പങ്കെടുത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന സംയുക്ത ദൗത്യത്തിനായി ഇന്ത്യയും യുഎസും പരസ്പരം കൈകോർക്കുമെന്നും ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.