മലയാളികൾ ഇതുവരെ കാണാത്തൊരു കല്യാണക്കഥയുമായെത്തി പ്രേക്ഷകരുടെ മനസിൽ ഇടംനേടുകയാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രം കളക്ഷനിൽ കുതിക്കുമ്പോൾ പ്രേക്ഷകർക്ക് ഇരട്ടിമധുരമായി ചിത്രത്തിന്റെ മാറ്റൊരു ഗാനം കൂടി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. കെ ഫോർ കബറടക്കം എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയതത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളും നർമ മുഹൂർത്തങ്ങളും കോർത്തിണക്കുന്നതാണ് വീഡിയോ ഗാനം. അങ്കിത് മേനോനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ ഫോർ കല്യാണം എന്ന പേരിൽ ചിത്രത്തിന്റെ മറ്റൊരു ഗാനം നേരത്തെ പുറത്തെത്തിയിരുന്നു.
പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ആഗോളതലത്തിൽ 55 കോടി കടന്നിരിക്കുകയാണ് ചിത്രം. 2024-ലെ ഓപ്പണിംഗ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ഗുരുവായൂരമ്പല നടയിൽ.
പ്രേക്ഷകർ ഒരുപോലെ ആസ്വദിച്ച സിനിമയ്‌ക്ക് വിദേശത്തും മികച്ച കളക്ഷനാണുള്ളത്. ചെറിയൊരു പ്രമേയത്തെ വലിയൊരു കഥയായാണ് വിപിൻ ദാസ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.