ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിനിമാ തിരക്കുകൾ മാറ്റിവച്ച് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ഡൽഹിയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരം വോട്ട് ചെയ്തത്. മുംബൈയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സിദ്ധാർത്ഥ് വോട്ട് ചെയ്യാനെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിൽ വോട്ട് ചെയ്ത് ആഘോഷിക്കാനാണ് താൻ ഡൽഹിയിലെത്തിയതെന്ന് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിരലിൽ മഷി പുരട്ടിയതിന്റെ ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥ് ഡൽഹിയിലെത്തിയത്. വോട്ട് ചെയ്യാൻ വന്നതാണോ എന്ന ആരാധകരുടെ ചോദ്യത്തിന് സിദ്ധാർത്ഥ് തലകുലുക്കികൊണ്ട് അതെയെന്ന് പറയുന്ന വിഡീയോ ഇന്നലെ പുറത്തുവന്നിരുന്നു.
റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’ എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭാര്യയും ബോളിവുഡിന്റെ പ്രിയനടിയുമായ കിയാര അദ്വാനിക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രം വരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഷേർഷായിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.