മുംബൈ: ഒരു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ 23 കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും മേഘ്‌വാദി പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കി ദാസു കാമുകനായ രാജേഷ് റാണയും(28) നേരത്തെ വിവാഹിതരാണെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത് . പ്രണയത്തിലായ ഇവർ പങ്കാളികളെ ഉപേക്ഷിച്ച് മാർച്ചിൽ ഒഡീഷയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റിൽ സ്ഥിരതാമസമാക്കിയ ഇവർ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
റിങ്കിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും രാജേഷ് കുട്ടിയെ മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോയിൽ ഇരയുടെ ശരീരത്തിൽ ചതവുകൾ ഉണ്ടായിരുന്നു. കുട്ടിയെ മർദ്ദിക്കുന്നതിന് യുവതിയുടെ മൗന സമ്മതവുമുണ്ടായിരുന്നു. മെയ് 21 ന് ഇരുവരും പൊലീസിനെ സമീപിക്കുകയും ഭാര്യാഭർത്താക്കന്മാരാണെന്ന് അവകാശപ്പെടുകയും ചെയ്തു. മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പരാതി നൽകി.
പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ വീട്ടിൽ വന്ന് രാജേഷിന് മയക്കുമരുന്ന് നൽകിയ ശേഷം മകനെ തട്ടിക്കൊണ്ടുപോയെന്നാണ് കഥ മെനഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഇരുവരും വിവാഹിതരല്ലെന്ന് വ്യക്തമാകുകയും ഇവർ ലിവ്-ഇൻ റിലേഷൻഷിപ്പിലാണെന്ന് ബോദ്ധ്യമാകുകയും ചെയ്തു
കുട്ടിയുടെ കൈയും കാലും കെട്ടി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. കൊലയ്‌ക്ക് ശേഷം ഗോരേഗാവ് ഈസ്റ്റിലെ ഒരു അഴുക്കുചാലിൽ അവർ മൃതദേഹം തള്ളുകയായിരുന്നു. വഴിയരികിലൂടെ പോയ ഓട്ടോറിക്ഷ ഡ്രൈവറാണ് മൃതദേഹം കണ്ടതും പൊലീസിനെ വിവരം അറിയിക്കുന്നതും. അമ്മയ്‌ക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.