മഴക്കെടുതിയിൽ ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണു; പരിക്കേറ്റ യുവാവ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു; സംഭവം അട്ടപ്പാടിയിൽ

Published by
Janam Web Desk

പാലക്കാട്: കനത്ത മഴയെ തുടർന്ന് ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അട്ടപ്പാടി ​ഗൂളിക്കടവിലാണ് അപകടമുണ്ടായത്. ചികിത്സ കിട്ടാൻ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഐസിയു സൗകര്യമുള്ള ആംബുലൻസ് കിട്ടാതായതോടെയാണ് ഫൈസലിന് ചികിത്സ വൈകിയത്. ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ച ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കൃത്യസമയത്ത് തന്നെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഫൈസൽ മരിക്കുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലൻസുകൾ മാസങ്ങളായി കേടുപാടുകളെ തുടർന്ന് പ്രവർത്തിക്കാതെ ആശുപത്രി വളപ്പിൽ കിടക്കുകയാണ്. കോട്ടത്തറ ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ഫൈസൽ ഓടിച്ചിരുന്ന വാഹനത്തിന് മുകളിലൂടെ മരത്തിന്റെ ഒരു ഭാ​ഗം അടർന്ന് വീഴുകയായിരുന്നു.

Share
Leave a Comment