ഇന്ത്യയുടെ യശസ്സുയർത്തി; കാനിൽ തിളങ്ങിയ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” ടീമിന് ആശംസകളുമായി മോഹൻലാൽ

Published by
Janam Web Desk

കാൻ ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ മുഴുവൻ ടീമിനും ആശംസകളറിയിച്ച് മോഹൻലാൽ. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ആശംസകളുമായെത്തിയത്. മുംബൈ സ്വദേശിയായ പായൽ കപാഡിയയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ സുപ്രധാന നിമിഷം. ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ മുഴുവൻ ടീമിനും പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം എന്നിവർക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നുവെന്ന് മോഹൻലാൽ എക്സിൽ കുറിച്ചു. കാൻ ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കിയ നടി അനസൂയ സെൻഗുപ്തയെയും ഛായാ​​ഗ്രാഹകൻ സന്തോഷ് ശിവനെയും മോഹൻലാൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചു.

22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ​ഇന്ത്യയുടെ തന്നെ അഭിമാനം വാനോളം ഉയർത്തുകയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം. മലയാളി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുകയും ചെയ്തപ്പോൾ രാജ്യത്തിനും മലയാള സിനിമാ ലോകത്തിനും ഇത് അഭിമാന നിമിഷമായി.

ദിവ്യപ്രഭയും കനി കുസൃതിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മുംബൈയിൽ നഴ്സായി ജോലി ചെയ്യുന്ന അനു, പ്രഭ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

Share
Leave a Comment