ഐപിഎൽ 17-ാം സീസണിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊൽക്കത്തയുടെ സുനിൽ നരെയ്‌നാണ്. താരത്തിന്റെ ഓൾറൗണ്ട് മികവിലാണ് സീസണിലുടനീളം കെകെആർ ജയിച്ചുകയറിയത്. 2012, 2018 വർഷങ്ങളിൽ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട നരെയ്ൻ ഇത് മൂന്നാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഫാന്റസി ഫെയർ പുരസ്‌കാരത്തിനും താരം അർഹനായി. കെകെആറിന്റെ കിരീടനേട്ടം തനിക്ക് ലഭിച്ച ഏറ്റവും മൂല്യമേറിയ ജന്മദിന സമ്മാനമാണെന്നാണ് മത്സരശേഷം താരം പറഞ്ഞത്.
സീസണിൽ 17 വിക്കറ്റുകളും 488 റൺസും താരം കൊൽക്കത്തക്കായി നേടി. 2012-ൽ ചെപ്പോക്കിൽ ഫൈനലിനായി ഇറങ്ങിയതാണ് ഓർക്കുന്നതെന്നും താൻ ഇപ്പോൾ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും നരെയ്ൻ പറഞ്ഞു. ഗൗതം ഗംഭീറിന്റെ പിന്തുണ സീസണിലുടനീളം തന്നെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിച്ചെന്നും താരം കൂട്ടിച്ചേർത്തു.
ബൗളർമാരുടെ പ്രകടനമാണ് കിരീടനേട്ടത്തിലേക്ക് ടീമിനെ നയിച്ചത്. സമ്മർദ്ദമില്ലാതെ തുടക്കം മുതലെ വിക്കറ്റുകൾ വീഴ്‌ത്താനാണ് ശ്രമിച്ചിരുന്നതെന്നും നരെയ്ൻ പറഞ്ഞു. കെകെആർ ടീമിനൊപ്പം നരെയ്‌ന്റെ മൂന്നാം ഐപിഎൽ കിരീടമാണിത്.