നോയിഡ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഐആർഎസ് ഓഫീസറുടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഐആർഎസ് ഉദ്യോഗസ്ഥൻ സൗരഭ് മീനയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് യുവതിയെ സൗരഭിന്റെ നോയിഡയിലെ ഫ്ളാറ്റിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ഹ്യൂമൻ റിസോഴ്‌സസ് ഓഫീസറായി ജോലി ചെയ്തിരുന്ന ശില്പ ഗൗതമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറയുന്നു. എന്നാൽ വിവാഹ വിവാഹ വാഗ്ദാനം നൽകി സൗരഭ് മകളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായെന്നും സൗരഭ് ശിൽപയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
സൗരഭാണ് മകളെ കൊന്നതെന്ന് ഇയാൾ നൽകിയ പരാതിയിലും പറയുന്നു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച സൗരഭ് തനിക്ക് യുവതിയുമായി വെറും 3 മാസത്തെ പരിചയം മാത്രമേയുള്ളുവെന്ന് പറഞ്ഞു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുമ്പോൾ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.