പത്തനംതിട്ട: എസ്പിയായി പ്രമോഷൻ നൽകാത്തതിന്റെ പേരിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങാണ് എഎസ്പി ബഹിഷ്‌കരിച്ചത്. നാളെ പൊലീസ് അസോസിയേഷൻ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. ജില്ലയിൽ നിന്ന് ഈ മാസം വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ പരിപാടിയുടെ നോട്ടീസിലുണ്ട്.
അസോസിയേഷൻ ഭാരവാഹികളോട് തനിക്ക് യാത്രയയപ്പ് വേണ്ടെന്ന് എഎസ്പിയാണ് അറിയിച്ചത്. 17 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു. അതിലും പ്രദീപ്കുമാർ പങ്കെടുത്തില്ല. 1996 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എഎസ്പിക്കൊപ്പം സർവ്വീസിൽ കയറിയ എല്ലാവർക്കും സർക്കാരിന്റെ ശുപാർശയാൽ കൺഫേഡ് ഐപിഎസ് ലഭിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവിയും പ്രദീപ്കുമാറും ഒരേ ബാച്ച് ഉദ്യോഗസ്ഥരാണ്. സ്ഥാനക്കയറ്റം നൽകാത്തതിലെ നീരസം സഹപ്രവർത്തകരുമായി പ്രദീപ്കുമാർ പങ്കുവച്ചിട്ടുണ്ടെന്നാണ് വിവരം.