വാതരൂപേശൻ രാജാവിന്റെ മുമ്പിൽ എത്തിച്ച അശ്വങ്ങൾ സുന്ദരേശ ഭഗവാന്റെ സങ്കൽപ്പത്താൽ ഉണ്ടായ മായകളാണ്. അവയുടെ വില്പനയെ കുറിച്ചുള്ള ലീലയാണ് ഇത്.
പാണ്ഢ്യ രാജാവ് അശ്വങ്ങളെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി. പുരം മുഴുവൻ അലങ്കരിക്കുകയും വിശാലമായ തടാകങ്ങൾ നിർമ്മിക്കുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കുള്ളിൽ കുതിരകൾ എത്തുമെന്നുള്ള വാതപുരേശന്റെ അറിയിപ്പിൽ വിശ്വസിച്ച് രാജാവ് പ്രതീക്ഷയോടുകൂടി സമയം ചിലവഴിച്ചു. നാലാം ദിവസമായപ്പോൾ രാജാവിന്റെ ക്ഷമ നശിച്ചു. അദ്ദേഹം ക്രൂദ്ധനായി. കോപിഷ്ഠനായിരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ വാതപുരേശൻ ആഗതനായി. കുതിരകളെ വാങ്ങുവാനായി ധനം എടുത്ത വാതപുരേശനെ ബന്ധിക്കുവാനുള്ള ഉത്തരവ് രാജാവ് നൽകി. ഭൃത്യൻമാർ കോപത്തോടുകൂടി അദ്ദേഹത്തെ പിടിച്ചു വലിക്കുകയും മുതുകിലും തോളിലും കല്ലുവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ശിവ ഭഗവാനിൽ മനസ് ലയിച്ചിരുന്നത് കൊണ്ട് ഈ പീഡനങ്ങൾ വേദന ഉണ്ടാക്കിയില്ല.
അദ്ദേഹം വേദനിക്കുന്നില്ലെന്ന് കണ്ടപ്പോൾ വലിയ വടികൊണ്ട് പാദങ്ങളെയും കൈകളെയും കഠിനമായി പ്രഹരിച്ചു. കഠിന ഹൃദയരായ ദുഷ്ടന്മാരുടെ ശിക്ഷകൾ സഹിച്ചും ശാസനകൾ കേട്ടും ജലപാനം പോലും ഇല്ലാതെ പരമേശ്വര സ്മരണയിൽ മുഴുകി പകൽ കഴിച്ചുകൂട്ടി. രാത്രിയിൽ അദ്ദേഹത്തെ തടവറയിൽ ബന്ധിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥരുടെ നിന്ദയോടു കൂടിയ വാക്കുകൾ കേട്ടുകൊണ്ട് രാത്രി സമയം ചെലവഴിച്ചു. അടുത്ത പ്രഭാതത്തിൽ തടവറയുടെ മുറ്റത്ത് വന്നു നിന്നപ്പോൾ ഹാലാസ്യ ക്ഷേത്രത്തിലെ സ്വർണ്ണ കുംഭം കണ്ടു. ഭഗവാനോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ശിവനാമം ജപിച്ചുകൊണ്ട് സ്തുതിച്ചു. ഇത് കേട്ടപ്പോൾ സുന്ദരേശൻ നന്ത്യാദികളോടിങ്ങനെ പറഞ്ഞു. ഭൂമിയിലുള്ള ജംബൂകങ്ങളെ പിടിച്ചുകൊണ്ടുവന്ന് കുതിരകൾ ആക്കണം. നന്ത്യാദിഗണങ്ങൾ അനുസരിച്ചു. തൽഫലമായി പല കുറുക്കന്മാരും കുതിരകൾ ആയി മാറി. കുതിരപ്പുറത്ത് കയറി സഞ്ചരിച്ചത് രൂപം മാറിയ ഭൂതഗണങ്ങൾ തന്നെ ആയിരുന്നു.
വാദ്യഘോഷങ്ങളോടുകൂടി ആകാശത്തോളം ഉയരത്തിൽ പൊടി പറത്തിക്കോണ്ട് കുതിരകൾ വരുന്നത് കണ്ടപ്പോൾ ജനങ്ങൾ രാജാവിനെ അത് അറിയിച്ചു. എന്നാൽ വാതപുരേശൻ ഇതൊന്നും അറിയാതെ ദുഃഖിതനായി പ്രാർത്ഥനയിൽ മുഴുകി. ജനവനാഥാ സ്വാമി ശങ്കരാ എന്റെ വാക്കുകളെ സത്യമാക്കുവാൻ വേണ്ടി അങ്ങ് കുതിരകളുമായി ഉടൻ പ്രത്യക്ഷപ്പെടണേ. കുതിരകൾ വന്ന കാര്യം അറിഞ്ഞപ്പോൾ രാജാവ് വാതപുരേശനെ തടവറയിൽ നിന്ന് മോചിപ്പിച്ചു. ആ മന്ത്രി പ്രവരൻ രാജസമക്ഷം എത്തി രാജകീയ വേഷവിധാനങ്ങൾ അണിഞ്ഞ കുതിരകളെ പ്രതീക്ഷിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരുന്ന രാജാവിന്റെ പ്രതീക്ഷ നിഷ്ഫലമായി. കാരണം കുതിരകൾ എത്തിയിട്ടില്ല. ഇതും ഭഗവാന്റെ ഒരു ലീല തന്നെ
കുതിരക്കഥ മായാവിയായ മന്ത്രിയുടെ മായാജാലം ആണെന്ന് തെറ്റിദ്ധരിച്ച രാജാവ് മന്ത്രിക്ക് കഠിനമായ ശിക്ഷ നൽകി. കിങ്കരന്മാർ പ്രഹരിക്കുവാൻ തുടങ്ങിയപ്പോഴും സുന്ദരേശ ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചു. ഭഗവാന്റെ നാമം ജപിച്ചുകൊണ്ട് പ്രാർത്ഥിച്ചു. പെട്ടെന്ന് ഘോഷങ്ങൾ കേട്ടു കുതിരയുടെ കുളമ്പടികൾ കൊണ്ടുണ്ടാകുന്ന പൊടിയും ആകാശത്തിൽ കണ്ടു. സന്തുഷ്ടനായ രാജാവ് ദുഖിതനായി നിൽക്കുന്ന വാതപുരേശനെ ആശ്വസിപ്പിച്ചു.
നന്ദി തുടങ്ങിയ ശിവ ഗണങ്ങളും ശിവ ഭക്തനായ സേവകരും പല ദിനത്തിലുള്ള ഉടുപ്പുകളും തലപ്പാവും ധരിച്ച് ആയുധങ്ങളുമായി കുതിരപ്പുറത്ത് കയറിയെത്തി. തുടകൾ ചലിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രേരണ കുതിരകൾക്ക് നൽകിക്കൊണ്ടായിരുന്നു അവരുടെ വരവ്. മുത്തുമാലയും തോൾ വളയും മനോഹരമായ ഉടുപ്പും തലപ്പാവും ധരിച്ചു കരവാൾ ഇളക്കിയും കുണ്ഡലം ചലിപ്പിച്ചും വേദമാകുന്ന കുതിരയുടെ പുറത്തു കയറി കൈലാസനാഥനും എത്തി.
കുതിരകളെയും കുതിര സഞ്ചാരികളെയും കണ്ടപ്പോൾ രാജാവിന് അത്ഭുതവും സന്തോഷവും ഉണ്ടായി അദ്ദേഹം വാതപുരേശനോട് അവരുടെ നേതാവിനെ കാണിച്ചു തരുവാൻ ആവശ്യപ്പെട്ടു അപ്പോൾ പശുപതിയായ അശ്വാധിപൻ പാശവുമായി രാജാവിന്റെ സമീപം സമാഗതനായി. വേദ അശ്വത്തെ പലതരത്തിലും നടത്തി കാണിച്ചു കൊടുത്തു അപ്പോൾ നന്ദി തുടങ്ങിയ ശിവ ഗണങ്ങളും തങ്ങളുടെ കുതിരകളെ നടത്തിച്ചു. ആ വിചിത്രമായ സഞ്ചാരം കണ്ട് രാജാവ് ഏറെ സന്തോഷിച്ചു.
രാജാവിനോട് അശ്വനാഥനായ സുന്ദരേശ ഭഗവാൻ ഇങ്ങനെ പറഞ്ഞു. “അങ്ങയുടെ ഉത്തമനായ മന്ത്രിസഭൻ ഭണ്ഡാരത്തിൽ നിന്നെടുത്ത ധനം മുഴുവൻ ഞാനും എന്റെ ഭൃത്യന്മാരും വാങ്ങിച്ചു.. ഐശ്വര്യത്തിന് വേണ്ടിയല്ല അത് ചെയ്തത് അങ്ങ് കാരണം മന്ത്രി ദുഃഖിക്കാതിരിക്കുവാൻ വേണ്ടിയാണ് ധനം വാങ്ങി കുതിരകളെ ഇവിടെ കൊണ്ടുവന്നതും. ഈ കുതിരകളെ അങ്ങ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയുടെ കയർ ഇപ്പോൾ തന്നെ കൈമാറ്റം ചെയ്യണം. അങ്ങ് പാശം വാങ്ങുകയാണെങ്കിൽ ഉണ്ടാകാവുന്ന ഗുണദോഷങ്ങൾക്ക് അങ്ങ് തന്നെയാണ് ഉത്തരവാദി.. അഥവാ അങ്ങേക്ക് ധനമാണ് തിരിച്ചു നൽകേണ്ടതെങ്കിൽ അത് ഇരട്ടി ആക്കി തരാം”
എന്നാൽ താൻ ധനം തിരിച്ചു വാങ്ങുവാൻ ആഗ്രഹിക്കുന്നില്ല എന്നും ഉത്തമങ്ങളായ കുതിരകളെ നൽകുക എന്നും രാജാവ് മറുപടി പറഞ്ഞു..
തുടർന്ന് രാജാവിന്റെ ആവശ്യപ്രകാരം അശ്വനാഥൻ അശ്വങ്ങളുടെ ലക്ഷണങ്ങൾ വിശദമായി പറഞ്ഞു കേൾപ്പിച്ചു സ്വാമിയായി ഭവിക്കുന്ന രാജാവിന് വിജയാശംസകൾ നൽകി.
അശ്വനാഥനായ ഭഗവാൻ അനുയായികളായ കുതിരക്കാരെ കടാക്ഷിച്ചപ്പോൾ അവർ പലതരത്തിലുള്ള അഭ്യാസങ്ങൾ പ്രകടമാക്കി സുന്ദരേശൻ തന്റെ വേദ അശ്വത്തെ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിപ്പിച്ച് നാലഞ്ച് കുതിരകൾ ഉള്ളതാക്കി തോന്നിപ്പിച്ചു..
അഭ്യാസങ്ങൾക്ക് ശേഷം ഓരോ കുതിരയുടെയും ജന്മദേശവും ഗുണദോഷങ്ങളും പറഞ്ഞു കേൾപ്പിച്ചു ഉത്തമവും മാധ്യമവും അധമവുമായ കുതിരകളുടെ ലക്ഷണങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അനന്തരം സുന്ദരേശൻ താൻ കൊണ്ടുവന്ന കുതിരകളുടെ പാശം രാജാവിന് കൈമാറി. അങ്ങനെ കുതിരകളുടെ വിൽപ്പന നടന്നു. സുന്ദരേശന്റെ കയ്യിൽ നിന്ന് കുതിരക്കയർവാങ്ങിയപ്പോൾ രാജാവിനുണ്ടായ സന്തോഷം അവർണനീയമാണ്. ആനന്ദസാഗരത്തിൽ ആറാടിയ താൻ ധന്യനാണെന്ന് അറിയിച്ചു. അശ്വ പാലകരായ ഉദ്യോഗസ്ഥരോട് അവയെ ബന്ധിക്കുവാനാജ്ഞാപിച്ചു. അശ്വനാഥന് രാജാവ് വസ്ത്രാഭരണങ്ങൾ സമ്മാനമായി നൽകി. ഭഗവാൻ അവ സ്വീകരിക്കുകയും ധരിക്കുകയും ചെയ്തു.
മന്ത്രിയായ വാതപുരേശനും സമ്മാനങ്ങൾ നൽകി. അശ്വത്തിന്റെ വില്പന കണ്ട ജനങ്ങളും സന്തുഷ്ടരായി
സർവ്വദുഃഖങ്ങളും നശിപ്പിച്ച് അഭീഷ്ടം നൽകുന്നതാണ് ഈ ലീലയുടെ ശ്രവണവും പാരായണവും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 60 – നദീപ്രവാഹാകർഷണം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/















