ന്യൂഡൽഹി: പെൺകുട്ടി മാത്രമുള്ള മാതാപിതാക്കൾക്ക് സന്തോഷവാർത്തയുമായി ഡൽഹി യൂണിവേഴ്സിറ്റി. യുജി, പിജി കോഴ്സുകളിൽ ഒരു മകൾ മാത്രമുള്ള കുടുംബങ്ങൾക്ക് ഒരു സീറ്റ് സംവരണം ചെയ്യാൻ ഒരുങ്ങുകയാണ് ഡൽഹി യൂണിവേഴ്സിറ്റി. സൂപ്പർ ന്യൂമററി ക്വാട്ടയിലാണ് സംവരണം നൽകുന്നതെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.
ആദ്യമായാണ് ഇത്തരമൊരു പദ്ധതി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്നത്. ഈ അദ്ധ്യായന വർഷം മുതലാണ് സംവരണം പ്രാബല്യത്തിൽ വരുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലും അനാഥരായ വിദ്യാർത്ഥികൾക്ക് സൂപ്പർ ന്യൂമററി ക്വാട്ടയിൽ രണ്ട് സീറ്റുകൾ വീതം നൽകുമെന്ന് സർവകലാശാല കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ ഏകദേശം 71,000 സീറ്റുകളാണുള്ളത്. ഓരോ കോളേജിലും ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് സംവരണത്തിൽ 20 ശതമാനം അധിക സീറ്റുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.















