ഇസ്ലാമബാദ് : പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ 8 പേർ മരിച്ചു. പ്രവിശ്യയിലെ ഷാങ്‌ല ജില്ലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടമായതാണ് അപകടകാരണമെന്ന് പ്രദേശത്തെ ജില്ലാ പൊലീസ് ഓഫീസർ ഇമ്രാൻ ഖാൻ പറഞ്ഞു.
3 കുട്ടികളും 4 സ്ത്രീകളും ഡ്രൈവറുമാണ് അപകട സമയം വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കാർ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. രക്ഷാപ്രവർത്തകരും പ്രാദേശിക സന്നദ്ധപ്രവർത്തകരും ചേർന്നാണ് യാത്രക്കാരെ പുറത്തെടുക്കാൻ സഹായിച്ചതും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതും.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റോഡിന്റെ ശോചനീയാവസ്‌ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊലീസ് ഓഫീസർ ഇമ്രാൻ ഖാൻ പറഞ്ഞു.