ന്യൂഡൽഹി: പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പുത്തൻ ചുവടുവെപ്പുമായി കേന്ദ്രം. റഫാൽ യുദ്ധവിമാനങ്ങൾക്കായുള്ള 50,000 കോടി രൂപയുടെ കരാറിൽ പ്രാരംഭ ചർച്ചയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യയും ഫ്രാൻസും. 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് നാളെ ഫ്രഞ്ച് സംഘത്തിന്റെ വരവോടെ തുടരക്കമാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ നാവികസേനയ്‌ക്കാകും റഫാൽ മറൈൻ യുദ്ധവിമാനം നൽകുക. ഇടപാട് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടത്താൻ ഫ്രഞ്ച് സംഘം പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളുടെ കീഴിലുള്ള ഉപകരണ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ, തേൽസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരും ഫ്രഞ്ച് സംഘത്തിൽ ഉൾപ്പെടും. പ്രതിരോധ സംവിധാനങ്ങൾ ഏറ്റെടുക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഡിഫൻസ് അക്വിസിഷൻ വിംഗിലെയും ഇന്ത്യൻ നാവികസേനയിലെയും അംഗങ്ങളാകും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നത്. പ്രാരംഭ ചർച്ചകൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ കരാറിൽ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം.
സേനയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകളിൽ നിന്നും യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയ്‌ക്കായി 26 റഫാൽ മറൈൻ ജെറ്റുകൾക്കായുള്ള ഇന്ത്യയുടെ ടെൻഡറിന് ഡിസംബറിൽ ഫ്രാൻസ് മറുപടി നൽകിയിരുന്നു, റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇത് പ്രകാരമുള്ള ചർച്ചയാകും നാളെ നടക്കുക. പ്രതിരോധ മന്ത്രാലയം വിമാനത്തിന്റെ പ്രവർത്തന മികവ്, പ്രത്യേകതകൾ, കാര്യക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ ഇഴകീറി പരിശോധിച്ച് പഠനം നടത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ (Dassault Aviation) ആണ് പ്രധാനമായും റഫാൽ യുദ്ധവിമാനത്തിന്റെ നിർമാണ ചുമതല. വ്യോമ പ്രതിരോധം, ആണവ പ്രതിരോധം,രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള വിമാനമാണിത്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ.മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും.
15.30 മീറ്ററാണ് വിമാനത്തിന്റെ നീളം. 10.90 മീറ്റർ നീളമുള്ള ചിറകുകളും 5.30 മീറ്റർ ഉയരവുമുള്ള റഫാൽ 24.5 ടൺ ഭാരം വരെ വഹിക്കും. ഇതിന് പുറമേ ബാഹ്യമായി 9.5 ടൺ ഭാരവും വഹിക്കാൻ കഴിയും. മണിക്കൂറിൽ 1,389 കിലോമീറ്റർ വേഗതയിൽ 50,000 അടി ഉയരത്തിൽ വരെ പ്രതിരോധം തീർക്കാൻ സാധിക്കും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചതും റഫാലായിരുന്നു.















