ചെന്നൈ : പ്രധാനമന്ത്രി മോദിയെക്കൂടാതെ , ആഭ്യന്തര മന്ത്രി അമിത് ഷായും മെയ് 30 ന് തമിഴ്‌നാട് സന്ദർശിക്കും. അദ്ദേഹം മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും.
അമിത് ഷാ മെയ് 30 ന് മധുര സന്ദർശിക്കുകയും കുടുംബത്തോടൊപ്പം മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും എന്ന് സംസ്ഥാന ബിജെപി ആസ്ഥാനമായ കമലാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിന്നീട് അദ്ദേഹം പുതുക്കോട്ട ജില്ലയിലെ തിരുമയത്തേക്ക് പോകും എന്നറിയുന്നു . അവിടുത്തെ പ്രശസ്തമായ തിരുമയം കോട്ടൈ ഭൈരവർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഷായുടെ തിരുമയം സന്ദർശനം ആദ്യം ഏപ്രിലിൽ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ റദ്ദാക്കുകയായിരുന്നു.
അമിത് ഷായുടെ സന്ദർശനം കണക്കിലെടുത്ത് മധുരയിൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മീനാക്ഷി ക്ഷേത്രപരിസരങ്ങളിലും അദ്ദേഹവും കുടുംബവും താമസിക്കുന്നതും സഞ്ചരിക്കുന്നതുമായ വഴികളിലെല്ലാം പോലീസ് സുരക്ഷയും നിരീക്ഷണവും നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി 30 മുതൽ ജൂൺ ഒന്ന് വരെ കന്യാകുമാരി സന്ദർശിക്കുന്നുണ്ട്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും ഇപ്പോൾ പ്രചാരണത്തിലാണ്. ഈ പ്രചാരണം 30ന് അവസാനിക്കും. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയും അമിത് ഷായും അന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നത്.
വൈകിട്ട് 3.35 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലേക്ക് യാത്ര തിരിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി വിവേകാനാനന്ദ കേന്ദ്രവും വിവേകാനന്ദ പാറയും പ്രധാനമന്ത്രി സന്ദർശിക്കും. ജൂൺ ഒന്നിന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് റിപോർട്ട്.















