ന്യൂഡൽഹി: ചുട്ടുപ്പൊള്ളി രാജ്യ തലസ്ഥാനം. കനത്ത ചൂടിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡൽഹിയിൽ മരിച്ചത്. കനത്ത ചൂടിൽ രണ്ട് ദിവസം പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ.
പരിശീലനത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ദാരുണാന്ത്യം. കൊടും ചൂടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഉത്തരേന്ത്യ ഉഷ്ണതരംഗ ഭീതിയിലാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രേദശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം നിലനിൽക്കുന്നത്. രാജ്യത്തെ ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് വർദ്ധിക്കുകയാണ്. ഏപ്രിലിൽ തുടർച്ചയായ 11-ാം മാസമാണ് റെക്കോർഡ് താപനില. ഡൽഹിയിലെ അയനഗറിൽ എക്കാലത്തെയും ഉയർന്ന താപനിലയായ 47.6 ഡിഗ്രി സെൽഷ്യസ് അടയാളപ്പെടുത്തി. വരും ദിവസങ്ങളിൽ അഞ്ച് ഡിഗ്രിയോളം താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.