ആഗ്ര: ലിവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റയിൽവേ പാളത്തിലേക്ക് ചാടിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 38 വയസുള്ള റാണി ആണ് മരിച്ചത്. ഇവരുടെ ലിവ്- ഇൻ പങ്കാളിയായ കിഷോറുമായുള്ള വാക്കുതർക്കങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11 : 08 ഓടെയാണ് സംഭവം. കിഷോറിന്റെ മദ്യപാന ശീലത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണി മുഴക്കുകയായിരുന്നു. കിഷോർ ഇത് കാര്യമാക്കിയില്ല. റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ വീണ്ടും വാക്കു തർക്കം തുടർന്നു. കിഷോറിനെ ഭയപ്പെടുത്താനായി റാണി റെയിൽവേ പാളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഈ സമയം ട്രെയിൻ വരുന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല. ട്രാക്കിലൂടെ വരുകയായിരുന്ന കേരള എക്സ്പ്രസ്സ് യുവതിയെ ഇടിക്കുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട യുവതിക്ക് രക്ഷപെടാനായില്ല.
ആർ പി എഫ് ഉദ്യോഗസ്ഥർ എത്തി യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ റാണി ചികിത്സയിലിരിക്കവേ മരിച്ചു. റാണിയും കിഷോറുമായി ഒരുവർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലാണ്. റാണിയുടെ മുൻഭർത്താവ് അമിത മദ്യപാനത്തെ തുടർന്ന് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വിട്ടു നല്കിയതായി പൊലീസ് അറിയിച്ചു.















