ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ നേട്ടത്തിനായാണ് പൗരത്വ നിയമഭേദഗതിയെ മമതയും പാർട്ടി നേതാക്കളും എതിർക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. നുഴഞ്ഞുകയറ്റക്കാരെ പശ്ചിമബംഗാളിൽ താമസിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ മഥുരാപൂരിൽ സംഘടിപ്പിച്ച പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” തൃണമൂലിന്റെ ദുർഭരണം അവസാനിപ്പിക്കാൻ നിങ്ങളുടെ ഒരു വോട്ട് മാത്രം മതി. വികസിതവും സുരക്ഷിതവുമായ ബംഗാൾ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഞങ്ങൾ ബംഗാളിൽ യാത്ര ആരംഭിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ഭരണം മൂലം ബംഗാളിന്റെ ഭാവി നശിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ യുവജനതയ്‌ക്ക് കിട്ടേണ്ട അവസരങ്ങളാണ് ഇന്ന് ഇവുടുത്തെ നുഴഞ്ഞുകയറ്റക്കാർ അനുഭവിക്കുന്നത്. ഇതുകൊണ്ടാണ് തൃണമൂൽ പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയിൽ മമതയുടെ തൃണമൂലും, രാഹുലിന്റെ കോൺഗ്രസും ഭയപ്പെടുന്നു. അതിനാൽ തന്നെ വോട്ട്ബാങ്ക് നിലനിർത്തുന്നതിനായി പാവപ്പെട്ടവരുടെ സംവരണം ഇല്ലാതാക്കി നുഴഞ്ഞുക്കയറ്റക്കാർക്ക് നൽകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കടക്കെണിയിൽപ്പെട്ട് ബംഗാളിൽ വസിക്കുന്നത്. ഇവർക്കായി മമതയുടെ സർക്കാർ എന്ത് ചെയ്തു? മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്രം നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. 20 കോടി രൂപയുടെ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ മത്സ്യ സമ്പാദ യോജന ഇതിൽ ഒന്നു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
” പശ്ചിമ ബംഗാളിലെ എന്റെ അവസാനത്തെ പ്രചാരണ റാലിയാണിത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ 10 വർഷത്തിനിടെ പുരോഗതി കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ഇനിയും അതിന് സാധിക്കും. 60 വർഷത്തെ കോൺഗ്രസിന്റെ ദുരന്ത ഭരണം പോലയായിരിക്കില്ല ബിജെപിയുടെ ഭരണം”- പ്രധാനമന്ത്രി പറഞ്ഞു.















