ആലപ്പുഴ: കാർ രൂപമാറ്റം വരുത്തി സിമ്മിംഗ് പൂളാക്കിയ യൂട്യൂബർക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് മോട്ടോർവാഹന വകുപ്പ്. സഞ്ജു ടെക്കിയും മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ചെയ്യണം. സഞ്ജു ടെക്കി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും ആർടിഒ രമണൻ പറഞ്ഞു. സഞ്ജുവിന്റെ കുറ്റകൃത്യങ്ങൾ വിശദമായി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലെടുത്ത സഞ്ജുവിന്റെ ടാറ്റ സഫാരിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന സഞ്ജുവിന്റെ സുഹൃത്ത് സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
കാറിലെ പിൻസീറ്റ് ഇളക്കി മാറ്റി പ്ലാസ്റ്റിക് പടുത്ത കൊണ്ട് സ്വിമ്മിംഗ് പൂളാക്കി രൂപമാറ്റം വരുത്തുകയായിരുന്നു. തുടർന്ന് അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുകൾക്കൊപ്പം കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ലൈഫ് സ്റ്റെൽ വ്‌ളോഗറായ സഞ്ജു യൂട്യൂബിൽ വീഡിയോ പങ്കുവച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പിടിവീഴുന്നത്.















