കാസർകോഡ്: ഉറങ്ങി കിടന്നിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ കമ്മൽ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിഎ സലീമിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പെൺകുട്ടിയുടെ സ്വർണ കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണ് ഇയാൾ വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാളെ ഈ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാൾ ബന്ധുവായ പെൺകുട്ടിയെ നേരത്തെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പുറത്തിറങ്ങി സമാന കുറ്റകൃത്യം ചെയ്യാനിടയായതിനാൽ പ്രതിക്ക് ജാമ്യം നിഷേധിക്കണമെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു.
പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം ഇയാൾ സഹോദരിയുടെ സഹായത്തോടെ മോഷ്ടിച്ച കമ്മൽ വിൽക്കുകയായിരുന്നു. കേസിൽ ഇയാളുടെ സഹോദരിയെയും പൊലീസ് പ്രതി ചേർക്കും. കഴിഞ്ഞ ദിവസമാണ് ഇയാളെ ആന്ധ്രാ പ്രദേശിലെ അഡോണി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി കാസർകോട്ടെത്തിച്ചത്. നേരത്തെയും രണ്ട് വീടുകളിൽ മോഷണം നടത്തിയതായി പൊലീസിനോട് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഈ രണ്ട് കേസുകളും സലീമിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തു.















