ടർബോ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസായിരുന്നു സിനിമ ഇറങ്ങിയ ദിവസങ്ങളിൽ സോഷ്യൽ മീഡിയിയൽ ട്രെഡിംഗ് ആയിരുന്നതെങ്കിൽ ഇപ്പോൾ കഥ മാറി. ജലോത്സവം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ റിയാസ് ഖാന്റെ കഥാപാത്രമായ ദുബായ് ജോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെയും ട്രോൾ പേജുകളിലെയും താരം.
ചീങ്കണ്ണി ജോസെന്ന് വിളിപ്പേരുള്ള ദുബായ് ജോസിന്റെ കഥാപാത്രമായിരുന്നു ജലോത്സവത്തിലെ വില്ലൻ. റിലീസായ സമയത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും റിയാസ് ഖാന്റെ കഥാപാത്രം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2004ലാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കുട്ടനാട്ടിലെ വള്ളംക്കളിയുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ ചിത്രത്തിൽ നെടുമുടി വേണുവും നവ്യാ നായറും ജഗതി ശ്രീകുമാറുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ സിനിമയുടെ ക്ലിപ്പുകളിലും മീമുകളിലുമടക്കം നിറഞ്ഞു നിൽക്കുന്ന ദുബായ് ജോസ് ഏറെ ജനപ്രീതിയിലെത്തിയിട്ടുണ്ട്.