ടി20 ലോകകപ്പിന് ഐഎസ്‌ഐഎസ് ഭീകരരുടെ ഭീഷണി. ജൂൺ 9ന് ഐസൻഹോവർ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിനാണ് ഭീഷണിയുള്ളത്. ഐഎസ്‌ഐഎസ് – കെയുടെ ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലും സ്‌റ്റേഡിയത്തിനും സുരക്ഷ വർദ്ധിപ്പിച്ചതായി നസ്സൗ കമ്മീഷണർ പാട്രിക് റെഡർ അറിയിച്ചു.
അതേസമയം, ആധികാരികത പരിശോധിച്ച് വരികയാണെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോചുൾ അറിയിച്ചു. ഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും ടീമുകളുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. ആശുപത്രികൾ ഉൾപ്പെടെ നിരീക്ഷണത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഭീഷണി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറ്റപ്പുവരുത്തുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ടൂർണമെന്റ് വേദികളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഐസിസി വക്താവ് പറഞ്ഞു.