ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ നടത്താൻ തീരുമാനം. ജൂൺ ഒൻപതിനകം സത്യപ്രതിജ്ഞ നടക്കും. 8000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കും.
എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ നേട്ടങ്ങളും ഭാവി വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രദർശിപ്പിക്കുന്നതിനും വികസിത ഭാരതമെന്ന സന്ദേശം നൽകുന്നതിനും ഉചിതമായ സ്ഥലമെന്ന രീതിയിലാണ് സത്യപ്രതിജ്ഞയ്‌ക്ക് കർത്തവ്യപഥിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യാനായി 100 ക്യാമറകൾ ഒരേ സമയം വേദിയിൽ സജ്ജമാക്കാൻ കഴിയും. എല്ലാ തയാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.
ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ബിജെപിയുടെയും എൻഡിഎയുടെയും ആത്മവിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
2014-ലും 2019-ലും രാഷ്‌ട്രപതി ഭവന്റെ മുൻപിലെ മൈതാനിയിലാണ് സത്യപ്രചതിജ്ഞ ചടങ്ങ് നടത്തിയിരുന്നത്. എന്നാൽ ഇവിടെ സ്ഥല പരിമിതിയുണ്ട്. ഇത്തവണ കൂടുതൽ പേരെ ക്ഷണിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.