മുംബൈ: ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് വക്കീൽ നോട്ടീസ് അയച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് നടപടി.
സാമ്ന പത്രത്തിലെ ‘റോക്ക് തോക്ക്’ എന്ന കോളത്തിൽ മെയ് 26 ന് അപകീർത്തികരമായ വിവരങ്ങൾ എഴുതിയതിനാണ് നോട്ടീസ് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഏക്‌നാഥ് ഷിൻഡെ പരിധിയില്ലാതെ പണം ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. ഓരോ മണ്ഡലത്തിലും 25-30 കോടി രൂപയെങ്കിലും ഷിൻഡെ ചെലവഴിച്ചുവെന്നും അജിത് പവാറിന്റെ സ്ഥാനാർത്ഥിയുടെ വിജയം തടയാൻ പണം ചെലവഴിച്ചതായും പത്രത്തിൽ ആരോപിച്ചിരുന്നു.
മൂന്ന് ദിവസത്തിനകം മാദ്ധ്യമങ്ങൾക്ക് മുന്നിൽ റാവത്ത് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ഉള്ളത്. അല്ലാത്തപക്ഷം റാവത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് നോട്ടീസിൽ പറയുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കാനും പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും വേണ്ടിയുള്ളതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകൾ ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. സാമ്‌നയുടെ എഡിറ്ററാണ് സഞ്ജയ് റാവത്ത്. ലേഖനം പൊതുസമൂഹത്തിന് മുന്നിൽ ഷിൻഡെയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി.