വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് പാകിസ്താൻ ടീം ടി20 ലോകകപ്പിന് വണ്ടികയറിയത്. ഷഹീൻ ഷാ അഫ്രീദിയെ നിശ്ചയിച്ചിരുന്നെങ്കിലും താരം ഇത് തള്ളിയതോടെയാണ് ഉപനായകനെ പ്രഖ്യാപിക്കാതിരുന്നത്. ഏറെ തർക്കങ്ങൾക്കാെടുവിലാണ് ടീം പ്രഖ്യാപനം തന്നെ നടന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മാെഹ്സിൻ നഖ്വി പ്രതികരണവുമായെത്തി. കിരീടം ഉയർത്താൻ ബാബർ അസം തന്നെ ധാരാളമെന്നും. ഒരു ഉപനായകന്റെ കാര്യമില്ലെന്നുമാണ് നഖ്വി പറയുന്നത്.
‘എന്റെ അഭിപ്രായത്തിൽ ബാബർ അസം തന്നെ ധാരാളമാണ്. മികച്ച കോമ്പിനേഷനുള്ള ടീം എന്തിനും പോന്നവരാണ്. പാകിസ്താൻ ടീമിൽ അപാര കഴിവുള്ള മികച്ച താരങ്ങളുണ്ട്. എല്ലാവരും വിമർശനം ഒന്ന് നിർത്തണം. ഒരുമത്സരം തോറ്റുകഴിഞ്ഞാലുള്ള വെട്ടിമുറിക്കൽ നല്ല കാര്യമല്ല. താരങ്ങൾ രാജ്യത്തിന്റെ പിന്തുണയ്ക്കായി കാത്തിരിക്കുകയാണ്. എനിക്കുറപ്പുണ്ട് ഈ ടീം ലോകകപ്പ് കിരീടം ഉയർത്തും”–പിസിബി ചെയർമാൻ പറഞ്ഞു.
ഒരുപക്ഷേ ബാബറിന് ഫീൾഡിൽ നിന്ന് ഒഴിവാകേണ്ടി വന്നാൽ പരിശീലകൻ ഗാരി കേർസ്റ്റൺ ആയിരിക്കും ഉപനായകനെ തീരുമാനിക്കുക. നിലവിൽ പാകിസ്താൻ ടീം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര കളിക്കാൻ ഇംഗ്ലണ്ടിലാണ്.