ലക്നൗ: പ്രധാനമന്ത്രിയുടെ ധ്യാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അയോദ്ധ്യാ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം എങ്ങനെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാവുമെന്ന് അദ്ദേഹം ചോദിച്ചു. വിമർശനങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ദർശനം നടത്തുന്നതോ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ഒരിക്കലും മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷത്തിനും ഇക്കാര്യം അറിയാം. എന്നാൽ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്കെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുകയാണ്.
മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് കോൺഗ്രസ് എല്ലാത്തിനെയും എതിർക്കുന്നത്. താൻ പ്രധാനമന്ത്രിയാകുമെന്നാണ് രാഹുൽ ഗാന്ധി വിശ്വസിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കന്യാകുമാരിയിൽ ഒരുക്കിയിട്ടുള്ളത്. പ്രദേശത്ത് 4,000 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.















